ചെറുതോണി: സംസ്ഥാന സ്കൂൾ അത്ലറ്റിക്സിലെ 38 വർഷം പഴക്കമുള്ള റിക്കാർഡ് തകർത്ത ദേവപ്രിയയ്ക്ക് ജൻമനാട് ഇന്ന് സ്വീകരണം നൽകും. രാവിലെ 10ന് കാൽവരിമൗണ്ട് കാൽവരി ഹൈസ്കൂളിൽ ആദ്യ സ്വീകരണം നൽകും.
തുടർന്ന് 10.30ന് സിപിഎം ജില്ലാകമ്മിറ്റി നിർമിച്ചുനൽകുന്ന വീടിന്റെ ശിലാസ്ഥാപനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഓൺലൈനായി നിർവഹിക്കും. ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അധ്യക്ഷത വഹിക്കും. റോമിയോ സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കും. 11.30ന് കാമാക്ഷി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തങ്കമണി ടൗണിൽ പൗരസ്വീകരണം നൽകും.
സബ് ജൂണിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ 12.69 സെക്കൻഡിൽ ലക്ഷ്യത്തിലെത്തിയാണ് കാൽവരിമൗണ്ട് സ്കൂളിന്റെ മിന്നുംതാരം പൊന്നണിഞ്ഞത്.
1987ൽ സിന്ധു മാത്യു കുറിച്ച റിക്കാർഡാണ് ദേവപ്രിയ തകർത്തത്. സ്വന്തമായി ഒരു വീട് ഇല്ലാത്തതിന്റെ ദുഃഖത്തോടെയാണ് ദേവപ്രിയ ട്രാക്കിലിറങ്ങിയത്. ഈ വർഷം മീറ്റ് റിക്കാഡ് തകർത്താൽ വീടെന്ന സ്വപ്നം പൂവണിയുമെന്ന് സ്കൂളിലെ പരിശീലകൻ ടിബിൻ ജോസഫ് പ്രതീക്ഷ നൽകിയിരുന്നു. ഇതിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു ദേവപ്രിയയുടെ പ്രകടനം. കാൽവരിമൗണ്ടിന് സമീപം കൂട്ടക്കല്ലിൽ താമസിക്കുന്ന പാലത്തുംതലക്കൽ ഷൈബുവിന്റെ മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് ദേവപ്രിയ.
തടിപ്പണിക്കാരനായിരുന്ന ഷൈബുവിനു നാലുവർഷം മുൻപ് ജോലിക്കിടയിലുണ്ടായ അപകടത്തെത്തുടർന്ന് തടിപ്പണി ഉപേക്ഷിക്കേണ്ടതായിവന്നു. അമ്മ ബിസ്മി തങ്കമണിയിലെ കേരള ബാങ്കിലെ താത്്കാലിക ജീവനക്കാരിയാണ്. ദേവപ്രിയയുടെ മൂത്ത സഹോദരി ദേവനന്ദയും കായികതാരമാണ്. ഇളയസഹോദരൻ മൂന്നുവയസുകാരൻ ദേവാനന്ദൻ.
ഇവർ താമസിക്കുന്ന 40 സെന്റ് സ്ഥലം തറവാട് വക വസ്തുവാണ്. ഇത് ഷൈബുവിന്റെ മറ്റു സഹോദരങ്ങൾക്കുകൂടി അവകാശപ്പെട്ടതാണ്. കാലപ്പഴക്കം ചെന്ന തകർന്നുവീഴാറായ ചെറിയ വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്.
തന്റെ റിക്കാർഡ് മറികടന്ന ദേവപ്രിയയെ സിന്ധു മാത്യു വീഡിയോ കോളിലൂടെ അഭിനന്ദിച്ചു. ദേവപ്രിയയുടെ അമ്മ ബിസ്മി മന്ത്രി വാസവന്റെ സഹോദരി ശാന്തയുടെ മകളാണ്.